ദിലീപിന്റെ ജാമ്യം പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി; ഹാജരാക്കിയ ആറു ഫോണുകൾ കോടതിക്ക് കൈമാറാൻ ഉത്തരവ്

ദിലീപ് ഹാജരാക്കിയ ആറു ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതിയുടെ നിർദേശം. രജിസ്ട്രാർ ജനറൽ ഇന്നുതന്നെ ആറ് ഫോണുകൾ കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടു. ആറ് ഫോണുകളിൽ അഞ്ച് എണ്ണം പ്രോസിക്യൂഷൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോൺ അന്വേഷണ സംഘത്തിന് കൈമാറുന്നതിൽ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാം. ഫോണുകളുടെ പാറ്റേൺ ലോക്കുകൾ നൽകാനും പ്രതികൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. ഉച്ചയ്ക്ക് 1.45നാണ് കേസ് പരിഗണിക്കുക. ഇന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിധിയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.