സഖീറിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്റൈനിലെ സഖീറിലെ ട്രീ ഓഫ് ലൈഫിന് സമീപം അൽ-ഖറ പ്രദേശത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 31 വയസ്സുകാരനായ അഹമ്മദ് അലി അൽ-ഷുവൈഖ്, ഭാര്യ ഹൗറ മക്കി (29), എട്ടു വയസ്സുള്ള മകൾ റീം എന്നിവരാണ് മരണപ്പെട്ടത്. വാരാന്ത്യ അവധി ആഘോഷിക്കാൻ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഈ കുടുംബം.
അൽ-ഖറ പ്രദേശത്തുവെച്ച് രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബം സഞ്ചരിച്ചിരുന്ന മാസ്ഡ കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ വാഹനം റോഡരികിലേക്ക് മറിയുകയും പൂർണ്ണമായും തകരുകയും ചെയ്തു.
സിവിൽ ഡിഫൻസ് ടീമുകളും നാഷണൽ ആംബുലൻസ് യൂണിറ്റുകളും സ്ഥലത്തെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തുവെങ്കിലും കുടുംബാംഗങ്ങൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ലാൻഡ് ക്രൂയിസറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
മരുഭൂമി പ്രദേശങ്ങളിൽ വിനോദയാത്രയ്ക്ക് പോകുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അമിതവേഗതയും അപകടകരമായ ഓവർടേക്കിംഗും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ക്യാമ്പിംഗ് മേഖലകളിൽ സുരക്ഷാ മുൻകരുതലുകൾ അത്യാവശ്യമാണെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
അതേസമയം, ദെമിസ്താനിൽ അപകടകരമായ രീതിയിൽ വാഹന അഭ്യാസപ്രകടനം നടത്തി മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ ഡ്രൈവറെ കഴിഞ്ഞ ദിവസം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
aa


