നഴ്സറികൾക്ക് കർശന നിയന്ത്രണങ്ങൾ ലക്ഷ്യമിട്ട് ബഹ്‌റൈൻ ശിശു നിയമ ഭേദഗതി നിയമം


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:

രാജ്യത്തെ നഴ്സറികളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള 'ബഹ്‌റൈൻ ശിശു നിയമ' (Child Law) ഭേദഗതികൾ ചൊവ്വാഴ്ച ബഹ്റൈൻ പാർലമെന്റ് ചർച്ച ചെയ്യും. ശൂറ കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗവൺമെന്റ് തയ്യാറാക്കിയ ഭേദഗതികളാണ് സഭയുടെ പരിഗണനയ്ക്ക് വരുന്നത്. നഴ്സറികളുടെ മേൽനോട്ടം ശക്തമാക്കുന്നതിലൂടെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ നിയമപരിഷ്കരണം പ്രാധാന്യം നൽകുന്നത്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നഴ്സറികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും. നഴ്സറികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കൂടുതൽ വ്യക്തമായ നിർവചനങ്ങളും ശിക്ഷാ നടപടികളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൃത്യമായ ലൈസൻസില്ലാതെ നഴ്സറികൾ സ്ഥാപിക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സ്ഥാപനങ്ങളുടെ സ്ഥാനത്തിലോ അടിസ്ഥാന സൗകര്യങ്ങളിലോ മാറ്റം വരുത്തുന്നതും ഇതോടെ നിയമവിരുദ്ധമാകും.

കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന നിയമപരമായ പഴുതുകൾ അടയ്ക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാർലമെന്റ് സർവീസ് കമ്മിറ്റി ചെയർമാൻ മമദൂഹ് അൽ സാലിഹ് വ്യക്തമാക്കി. കൃത്യമായ മേൽനോട്ടമില്ലാതെ ഒരു സ്ഥാപനവും പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സമിതിയുടെ നിലപാട്.

വിദ്യഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ നൽകിയ കണക്കുകൾ പ്രകാരം 2025-2026 അധ്യയന വർഷത്തിൽ രാജ്യത്ത് 110 അംഗീകൃത നഴ്സറികളാണ് പ്രവർത്തിക്കുന്നത്. നിയമം പാസാകുന്നതോടെ നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങളും ഈ കർശന നിബന്ധനകൾക്ക് വിധേയമാകേണ്ടി വരും. ശിക്ഷിക്കുക എന്നതിലുപരി അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നഴ്സറികളിൽ നടപ്പിലാക്കുകയാണ് ഗവൺമെന്റ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടുന്നതിന് ആറുമാസത്തെ സാവകാശം നൽകാൻ പാർലമെന്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഈ കാലയളവിനുള്ളിൽ എല്ലാ നഴ്സറികളും മന്ത്രാലയം നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കണം. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ മാറ്റങ്ങളും ശിശു നിയമത്തിലെ പദപ്രയോഗങ്ങളിൽ വരുത്തും. നിയമകാര്യ കമ്മിറ്റിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൂർണ്ണ പിന്തുണയോടെയാണ് ഭേദഗതികൾ അവതരിപ്പിക്കുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed