വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം: ബഹ്റൈനിൽ സ്വകാര്യ സ്ഥാപന ഉടമ പിടിയിൽ
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ഔദ്യോഗിക ലൈസൻസില്ലാതെ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിപ്പിക്കുകയും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്ത ഏഷ്യൻ വംശജനായ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ സമർപ്പിച്ച അക്കാദമിക് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് സെക്യൂരിറ്റി വിഭാഗവും വ്യവസായ വാണിജ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ, രേഖകൾ, രസീതുകൾ എന്നിവ പിടിച്ചെടുത്തു. വിദേശ അംഗീകാരമുള്ള പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന അവകാശവാദത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മതിയായ ലൈസൻസില്ലാത്തതിനെ തുടർന്ന് അധികൃതർ സ്ഥാപനം അടച്ചുപൂട്ടിയിട്ടുണ്ട്.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ വിൽക്കുന്നതിലൂടെ സമ്പാദിച്ച തുകയുടെ വിവരങ്ങൾ ശേഖരിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കേസ് ക്രിമിനൽ കോടതിക്ക് കൈമാറും.
aa


