നിയമലംഘനം നടത്തുന്ന ഓഡിറ്റർമാർക്ക് കനത്ത പിഴയും ശിക്ഷയും: ബഹ്റൈൻ ശൂറ കൗൺസിൽ അംഗീകാരം നൽകിയേക്കും


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:

ബഹ്‌റൈനിലെ എക്സ്റ്റേണൽ ഓഡിറ്റർമാരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകാനും ലക്ഷ്യമിട്ടുള്ള നിയമഭേദഗതി നാളെ ശൂറ കൗൺസിൽ ചർച്ച ചെയ്യും. നിയമലംഘനം നടത്തുന്ന ഓഡിറ്റർമാർക്ക് ഒരു ലക്ഷം ബഹ്‌റൈൻ ദീനാർ വരെ പിഴയും നിർബന്ധിത പുനർപരിശീലനവും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് പുതിയ ഭേദഗതിയിൽ ശുപാർശ ചെയ്യുന്നത്.

ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി തത്വത്തിൽ അംഗീകാരം നൽകിയ ഈ കരട് നിയമത്തിന് നേരത്തെ പാർലമെന്റിന്റെ അധോസഭയും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കോർപ്പറേറ്റ് ഭരണനിർവഹണം മെച്ചപ്പെടുത്തുക, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വ്യവസായ വാണിജ്യ മന്ത്രാലയം ഈ മാറ്റങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.

രാജ്യാന്തര നിലവാരത്തിനനുസരിച്ച് രാജ്യത്തെ സാമ്പത്തിക റിപ്പോർട്ടിംഗ് സംവിധാനത്തെയും ഓഡിറ്റിംഗിന്റെ ഗുണനിലവാരത്തെയും പരിഷ്കരിക്കാൻ ഈ ഭേദഗതി സഹായിക്കും. ഓഡിറ്റിംഗ് മേൽനോട്ടത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾ ബഹ്‌റൈന്റെ അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കുന്നതിന് അത്യന്താപേക്ഷിതമായതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 87 പ്രകാരം ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമായാണ് പരിഗണിക്കുന്നത്.

പ്രൊഫഷണൽ നിലവാരം പുലർത്താത്ത ഓഡിറ്റർമാർക്ക് നിർബന്ധിത പരിശീലനം നൽകുന്നതിലൂടെ സേവനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ഭേദഗതിയിലൂടെ സാധിക്കുമെന്ന് അധികൃതർ കരുതുന്നു. ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി ഇതിനോടകം തന്നെ ഈ കരട് നിയമത്തിന് ഭരണഘടനാപരമായ സാധുത സ്ഥിരീകരിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed