മോഷ്ടിച്ച ബാങ്ക് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: രണ്ട് പേർക്ക് ബഹ്‌റൈനിൽ തടവും നാടുകടത്തലും


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:

മോഷ്ടിച്ച ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി (EWA) ബില്ലുകൾ അടച്ച് തട്ടിപ്പ് നടത്തിയ രണ്ട് പ്രവാസികൾക്ക് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് വിധിച്ചു. ഇത് പ്രകാരം പ്രതികളായ അറബ് പൗരനും ഏഷ്യൻ പൗരനും 1,000 ദീനാർ വീതം പിഴയും ഒടുക്കണം. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. 1,854 ബഹ്‌റൈനി ദീനാർ മൂല്യമുള്ള ബില്ലുകളാണ് ഇവർ മോഷ്ടിച്ച കാർഡുകൾ വഴി അടച്ചുതീർത്തത്. ഇതിൽ ഏഷ്യൻ പൗരൻ സമാനമായ മറ്റൊരു കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ടയാളും നിലവിൽ നാടുകടത്തൽ ഉത്തരവുള്ളയാളുമാണ്.

ഡോക്യുമെന്റ് ക്ലിയറൻസ് ഓഫീസർമാരാണെന്ന് ചമഞ്ഞ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവരെ സമീപിച്ചാണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ബില്ലുകളിൽ 20 ശതമാനം വരെ വലിയ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ വിശ്വസിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നാല് വ്യക്തികളുടെ ഇ.ഡബ്ല്യു.എ (EWA) അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയ പ്രതികൾ, ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് പണം വാങ്ങുകയും പകരമായി മോഷ്ടിച്ച ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 12 തവണകളായി ഓൺലൈൻ പോർട്ടൽ വഴി ബില്ലുകൾ അടയ്ക്കുകയും ചെയ്തു. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച തുക മുഴുവൻ പ്രതികൾ സ്വന്തമാക്കുകയായിരുന്നു.

ഇ.ഡബ്ല്യു.എയുടെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനത്തിലെ തട്ടിപ്പ് വിരുദ്ധ വിഭാഗം (fraud-detection) ഈ ഇടപാടുകളിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് കാർഡുകളിൽ നിന്ന് പണം നഷ്ടപ്പെട്ടതായി കാർഡ് ഉടമകൾ ബാങ്കുകളിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ബാങ്കുകൾ പണം തിരികെ ആവശ്യപ്പെടുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തതോടെയാണ് ഇടപാടുകൾ വ്യാജമാണെന്ന് തെളിഞ്ഞത്. മറ്റൊരു വ്യക്തിയുടെ ഇലക്ട്രോണിക് സിഗ്നേച്ചർ (PIN) ദുരുപയോഗം ചെയ്യുക, അനുവാദമില്ലാതെ കമ്പ്യൂട്ടർ സിസ്റ്റം വഴി മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിൽ പ്രവേശിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഒരു ബഹ്‌റൈനി വനിതയും മൂന്ന് പ്രവാസികളുമാണ് ഇവരുടെ ചതിക്കുഴിയിൽ വീണത്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed