കേരളത്തിൽ ര​ണ്ടി​ലൊരാൾക്ക് കോ​വി​ഡ്; ആ​ശ​ങ്ക​ വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി


കേരളത്തിൽ കോവിഡ് പരിശോധന നടത്തുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ്. ഇന്ന് 55,475 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49.4 ശതമാനമാണ് ടിപിആർ നിരക്ക്. 20-30 പ്രായമുള്ളവരിലാണ് കോവിഡ് വ്യാപനം കൂടുതലായി കാണുന്നത്. 70 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.

എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,85,365 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേര്‍ രോഗമുക്തി നേടി. ജനുവരി 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി 2,15,059 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

അതേസമയം കേരളത്തിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയില്ല. 57 ശതമാനം ഐസിയു ബെഡുകൾ ഒഴിവുണ്ട്. വെന്‍റിലേറ്റർ 86 ശതമാനം ഒഴിവുണ്ട്. മെഡിക്കൽ കോളജുകളിൽ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും. 4917 പേരെ പ്രതിരോധ പ്രവർത്തനത്തിന് അധികമായി നിയമിക്കും. ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം തടയുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. വാക്സിനെടുക്കാൻ ബാക്കിയുള്ളവർ നിർബന്ധമായും വാക്സിനെടുക്കണം. കുട്ടികളുടെ വാക്സിനേഷനിൽ പിന്നിലുള്ള ജില്ലകള്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതായി വീണാ ജോര്‍ജ് പറഞ്ഞു.

കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും പങ്കെടുക്കാം. ക്യാമ്പയിനില്‍ https://youtu.be/sFuftBgcneg എന്ന യൂട്യൂബ് ലിങ്കിലൂടെ പങ്കെടുക്കാം

 

You might also like

Most Viewed