അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗുഢാലോചന; ദിലീപിനെയും അഞ്ച് പ്രതികളെയും ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പടെ അഞ്ച് പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു. ദിലീപിന് പുറമേ ബൈജു ചെങ്ങമനാട്, അപ്പു, അനൂപ്, സ്വരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അഞ്ച് പ്രതികൾക്കും പോലീസ് നോട്ടീസ് നൽകിയിരുന്നു. രാവിലെ എല്ലാവരും കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ദിലീപ് അടക്കം അഞ്ച് പേരെയും വ്യത്യസ്ത മുറികളിൽ ഇരുത്തിയാണ് ആദ്യഘട്ടം ചോദ്യം ചെയ്യുന്നത്. പിന്നീട് എല്ലാവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർണമായും അന്വേഷണ സംഘം ചിത്രീകരിക്കുന്നുണ്ട്. അന്വേഷണ സംഘം മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന ആക്ഷേപം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ചിത്രീകരിക്കുന്നത്.
ചൊവ്വാഴ്ച വരെ പ്രതികളെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിന് ശേഷം കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും.വ്യാഴാഴ്ച ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുമ്പോൾ പോലീസ് ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരങ്ങൾ കോടതിക്ക് മുദ്രവച്ച കവറിൽ കൈമാറും.