നടി ആക്രമിക്കപ്പെട്ട കേസ്; വാക്കാൽ പറഞ്ഞാൽ ഗൂഢാലോചനയാവുമോ എന്ന് കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈകോടതി ഇന്ന് അവസാന കേസായി പരിഗണിക്കും. ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദങ്ങളിൽ കോടതി ചോദ്യങ്ങളുന്നയിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിന് തെളിവുകൾ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചനക്കുറ്റവും പ്രേരണ കുറ്റവും ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. ഒരാൾ ഒരു മുറിയിൽ വെച്ച് ഒരാളെ വകവരുത്തണമെന്ന് പ്രസ്താവന നടത്തുന്നു. അങ്ങനെ നടത്തുന്ന ഒരു പ്രസ്താവന എങ്ങനെ ഗൂഢാലോചനയുടെ പരിധിയിൽ വരുമെന്നാണ് കോടതിയുടെ ചോദ്യം. വക വരുത്തുന്നതിനായി എന്തെങ്കിലും നീക്കങ്ങൾ ഇവരുടെ ഭാഗത്ത് നിന്നുണ്ടായാലല്ലേ അത് ഗൂഢാലോചനയാവൂയെന്നും കോടതി ചോദിച്ചു.
അതേസമയം വാക്കാൽ പറഞ്ഞതല്ലെന്നും തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ അത് തുറന്ന കോടതിയിൽ പറയാനാവില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഹർജി ഇന്ന് മറ്റ് കേസുകൾക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരുടെ മുൻകൂർ ജാമ്യം ഹർജിയും ഇന്ന് കോടതിയുടെ മുന്നിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ് സുദർശൻ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും അപായപ്പെടുത്താൻ ദിലീപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുൻകൂർ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാൻ ആണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേർത്തതെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.