ട്രാൻസ്ജെൻഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് പോലീസ് അസോസിയേഷൻ


സംസ്ഥാനത്ത് ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള സർക്കാർ ശിപാർശയെ പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സർക്കാർ നടപടി വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ലിംഗ വ്യത്യാസമില്ലാതെയുള്ള നിയമനമാണ് കാലഘട്ടത്തിന്‍റെ ആവശ്യം. ട്രാൻസ്ജെൻഡറുകൾക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള സംവരണം ആധുനിക ലോകത്തിന് ചേരുന്നതല്ല. യോഗ്യരായ മിടുക്കർ പോലീസിലേക്ക് കടന്ന് വരണമെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് സേനയിൽ ഉൾപ്പെടുത്താനുള്ള നടപടിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് ഇതുസംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തില്‍ തീരുമാനിക്കും. പരിശീലന ചുമതലയുള്ള എപി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയിലെടുത്താൽ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, എങ്ങനെ റിക്രൂട്ട് ചെയ്യും, പരിശീലനം എപ്രകാരമായിരിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. കൂടാതെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയുമെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി, പരിശീല ചുമതലയുള്ള എപി ബറ്റാലിയന്‍ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ രണ്ട് എഡിജിപിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സര്‍ക്കാര്‍ ശിപാർശയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. 

You might also like

Most Viewed