സിൽവർലൈൻ ഉപേക്ഷിക്കണം; മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നുവെന്ന് മേധാ പട്കർ

സിൽവർലൈൻ പദ്ധതിക്കെതിരേ രൂക്ഷ വിമർശനവുമായി പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. പദ്ധതി നടപ്പാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പുനരാലോചിക്കണം. ഇതിനായി അദ്ദേഹത്തിന്‍റെ മുന്നിൽ കൈകൂപ്പി അപേക്ഷിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവർത്തന രീതിയെയും മേധ വിമർശിച്ചു. എളുപ്പം സമീപിക്കാൻ കഴിയുന്ന ഭരണാധികാരിയല്ല പിണറായി. അതെന്തുകൊണ്ടാണെന്ന് അറിയില്ല. വർഗീയതയ്ക്കെതിരായ ഇടത് പോരാട്ടം എല്ലാ മേഖലകളിലും ഉണ്ടാകണമെന്നും മേധ കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ ഇരകളെ സംരക്ഷിക്കാൻ സർക്കാർ തയാറാകണം. അവർക്കുള്ള നഷ്ടപരിഹാരവും ചികിത്സയും സർക്കാർ ഉറപ്പാക്കണമെന്നും അവരുടെ ദുരവസ്ഥ കാണാതെ പോകരുതെന്നും മേധ പട്കർ ആവശ്യപ്പെട്ടു.