കേരളത്തിന്‍റെ ആവശ്യം തള്ളി തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ രാത്രി തുറക്കരുതെന്ന കേരളത്തിന്‍റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെ തമിഴ്‌നാട് നാലു ഷട്ടറുകൾ കൂടി തുറന്നു. നേരത്തെ രണ്ടു ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇന്നലെ രാത്രി ഒന്‍പതുമണിക്ക് ശേഷം നാലു ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. നിലവിൽ ആറു ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. ജലനിരപ്പ് 142 അടിക്കു മുകളിൽ എത്തിയതോടെ, ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയും അതേത്തുടർന്ന് നീരൊഴുക്ക് ശക്തമാവുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്.
രാത്രികാലത്ത് ഷട്ടർ തുറന്നാൽ കേരളത്തിന് മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ പരിമിതികൾ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ചൊവ്വാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.