കാസർഗോഡെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് 2.28 കോടി രൂപയുടെ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു; ജീവനക്കാരനെ കാണ്മാനില്ല

കാസർഗോഡ്: കേരളത്തിലും കർണാടകയിലുമായി നിരവധി ഷോറൂമുകളുള്ള ജ്വല്ലറിയുടെ കാസർഗോഡ് ശാഖയിൽനിന്ന് 2.28 കോടി രൂപയുടെ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ഡയമണ്ട് വിഭാഗം കൈകാര്യം ചെയ്തിരുന്ന മംഗളൂരു സ്വദേശിയായ യുവാവിനെതിരേ ജ്വല്ലറി അധികൃതർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞയാഴ്ച ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഇതിനിടെ ഇദ്ദേഹത്തെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ മംഗളൂരു പോലീസ് േസ്റ്റഷനിലെത്തി. കഴിഞ്ഞ ശനിയാഴ്ച ഭർത്താവ് ജ്വല്ലറിയിലേക്ക് പോയതിനുശേഷം തിരിച്ചെത്തിയില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നുമാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്. രണ്ട് പരാതികളിലും പോലീസ് അന്വേഷണം ഊർജിതമാക്കി.