മെന്റലിസ്റ്റ് ആദിക്ക് എതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; 35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
ശാരിക l തിരുവനന്തപുരം l കേരളം
പ്രശസ്ത മെന്റലിസ്റ്റ് ആദി എന്ന ആദർശിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 'ഇൻസോമ്‌നിയ' എന്ന മെന്റലിസം പരിപാടിയുടെ മറവിൽ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് നിലവിൽ വിദേശത്തുള്ള ആദി നാട്ടിലെത്തിയാൽ പോലീസിന് മുന്നിൽ ഹാജരാകുമെന്നാണ് വിവരം.
പരിപാടിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപ തുകയും മൂന്നിലൊന്ന് ലാഭവിഹിതവും നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. വ്യവസായിയായ ബെന്നി വാഴപ്പിള്ളിയാണ് പരാതിക്കാരൻ. കഴിഞ്ഞ വർഷം ജൂലൈ 3-ന് ബെന്നിയുടെ അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയും, ജൂലൈ 7-ന് അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്നും 12 ലക്ഷം രൂപയും ആദിയുടെ ഇടപ്പള്ളിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായാണ് ആരോപണം. എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ ആദിയും മറ്റ് പ്രതികളും പരിഹസിച്ചതായും പരാതിയിൽ പറയുന്നു.
കേസിൽ ആദിയെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. ഇൻസോമ്‌നിയ പരിപാടിയുടെ കോർഡിനേറ്റർമാരായ മിഥുൻ, അരുൺ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. പരിപാടിയുടെ സംവിധായകനായ ജിസ് ജോയി ആണ് നാലാം പ്രതി. പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് പരിശോധിച്ചുവരികയാണ്.
vbcv


