നോക്കുകൂലി: പരാതികളിൽ അന്വേഷണം നടത്താൻ ഡിജിപിയുടെ നിർദ്ദേശം

നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പൊലിസ് മേധാവി അനിൽകാന്ത് ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കേസുകളിൽ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമുളള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്നാണ് സംസ്ഥാന പൊലിസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്.
മുന്തിയ പരിഗണന നൽകി കേസ് അന്വേഷിച്ച് ചാർജ് ഷീറ്റ് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ അവസരത്തിനൊത്തുയർന്ന് പ്രവർത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നൽകേണ്ട അവസ്ഥയും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ഡിജിപി നിർദേശിച്ചു.