കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നു മന്ത്രി

തിരുവനന്തപുരം: ചലച്ചിത്രതാരവും കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നു മന്ത്രി വി. അബ്ദുറഹിമാൻ. കലാകാരന്മാരെ കൈയൊഴിയാനാകില്ലെന്നും മന്ത്രി പറഞ്ഞു. കെപിഎസി ലളിത ആവശ്യപ്പെട്ടതു പ്രകാരമാണ് സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തത്. അവർ നാടിന്‍റെ സ്വത്താണ്. സീരിയലിൽനിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം ആണ് അവർക്കുള്ളത്. അതല്ലാതെ വലിയ സന്പാദ്യം ഇല്ല. കലാകാരന്മാർ നാടിന്‍റെ മുതൽക്കൂട്ടാണ്. കലാകാരി എന്ന നിലയ്ക്കാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചത്. − മന്ത്രി പറഞ്ഞു. ചികിത്സാ സഹായം ആവശ്യപ്പെട്ടവർക്കെല്ലാം സഹായം നൽകിയിട്ടുണ്ടെന്നും തന്‍റെ മണ്ഡലത്തിലെ രണ്ടായിരത്തി അഞ്ഞൂറോളം പേർക്കു സഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരൾ സംബന്ധമായ രോഗത്തെതത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശൂപത്രിയിൽ ചികിത്സയിലാണ് കെപിഎസി ലളിത.
കഴിഞ്ഞ മന്ത്രിസഭായോഗമാണ് ഒന്നാം പിണറായി മന്ത്രിസഭയിൽ ഭക്ഷ്യ−പൊതുവിതരണ മന്ത്രിയായിരുന്ന പി. തിലോത്തമന്‍റെ ചികിത്സയ്‌ക്കായി 10 ലക്ഷം രൂപയും നടിയും കേരള സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവിന് ആവശ്യമായ മുഴുവൻ തുകയും അനുവദിക്കാൻ തീരുമാനിച്ചത്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന കെപിഎസി ലളിതയ്ക്കു ചികിത്സയ്ക്ക് ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും. മൂന്നു ലക്ഷത്തിൽപ്പരം രൂപ തുടക്കത്തിൽ അനുവദിക്കാനാണു തീരുമാനം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കരൾ മാറ്റി വയ്ക്കുന്നതിനെക്കു റിച്ച് ആലോചിക്കും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നാൽ അതിന്‍റെ ചെലവും സർക്കാർ വഹിക്കാനാണ് തീരുമാനം.