ചന്ദ്രിക കള്ളപ്പണകേസ്; ഇ.ഡിക്ക് മുന്നിൽ ഹാജരായി പി.കെ. കുഞ്ഞാലിക്കുട്ടി

കൊച്ചി; ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസിൽ ഹാജരായി. ചന്ദ്രിക വിഷയത്തിൽ ഇ.ഡി. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കും. ചന്ദ്രിക കേസിൽ ഇ.ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും സാക്ഷിമൊഴി നൽകാനാണെന്നും അദ്ദേഹം അറിയിച്ചു. സാക്ഷിയായി സ്റ്റേറ്റ്മെന്റ് നൽകാനാണ് ഇ.ഡി നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യാനായി വിളിപ്പിച്ചു എന്നത് മാധ്യമ ഭാഷ്യമാണെന്നും അദ്ദേഹം വിമർശിച്ചു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചന്ദ്രിക കള്ളപ്പണക്കേസിൽ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി.
സെപ്റ്റംബർ രണ്ടിന് ഇ.ഡി വിളിപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയിൽ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ ഇ.ഡി നിർദേശിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു. ഇക്കാര്യം ഇ.ഡി സമ്മതിച്ചു.