ഹരിത ഭാരവാഹികളെ പുറത്താക്കിയിട്ടില്ലെന്ന് എം.കെ മുനീർ

കോഴിക്കോട്: ഹരിത ഭാരവാഹികളെ പുറത്താക്കിയിട്ടില്ലെന്ന് എം.കെ. മുനീർ എംഎൽഎ. ഹരിതയുടെ കുട്ടികളെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയാണ് ചെയ്തത്. കാലാവധി കഴിഞ്ഞത് കൊണ്ട് മാറ്റിയെന്നേയുള്ളൂവെന്നും മുനീർ പറഞ്ഞു. തനിക്ക് പാർട്ടി തീരുമാനത്തിനൊപ്പമേ നിൽക്കാനാവൂ, മറ്റൊന്നും ചെയ്യാനില്ലെന്നും മുനീർ വ്യക്തമാക്കി. പാർട്ടി തീരുമാനത്തിൽ ഹരിതയുടെ മുൻ നേതാക്കൾ സംതൃപ്തരല്ല. അവർക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതീർപ്പു വ്യവസ്ഥ സാദിഖലി ശിഹാബ് തങ്ങൾ ഇടപെട്ട് തിരുത്തിയെന്ന ആക്ഷേപം ശരിയല്ല. അഭിപ്രായ വ്യത്യാസം തുറന്നുപറഞ്ഞെങ്കിലും പാർട്ടിയിൽ അടിയുറച്ച് നിൽക്കുമെന്ന നേതാക്കൾ വ്യക്തമാക്കിയിരുന്നെന്നും മുനീർ ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് സംസ്ഥാന ഭാരവാഹികൾക്കെതിരെ ഹരിത നേതാക്കൾ വനിതാ കമ്മിഷന് പരാതി നൽകിയതിനെ തുടർന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്.
ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ നിശ്ചയിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് മുൻ ഭാരവാഹികൾ വിമർശിച്ചത്. മുസ്‍ലിം ലീഗിൽ അടിയുറച്ചു നിൽക്കുന്നതായും നീതി കിട്ടിയിട്ടില്ലെന്നും മുൻ നേതാക്കൾ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ നിശ്ചയിച്ച സ്ഥിതിക്ക് സമാന്തര സംഘടനയെകുറിച്ച് ആലോചിക്കുമെന്നും മുൻ നേതാക്കൾ പറഞ്ഞിരുന്നു. കള്ളികൾ, ധിക്കാരികൾ എന്ന നിലയിലുള്ള സൈബർ ആക്രമണം തുടരുകയാണെന്നും നേതാക്കൾ കൈയൊഴിയുന്പോഴും നേതൃത്വത്തിന്‍റെ മനോഭാവം മാറ്റിയെടുക്കാൻ പ്രവർത്തനം തുടരുമെന്നും മുൻ ഭാരവാഹികൾ കാലിക്കട്ട് പ്രസ്ക്ലബിൽ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിന്‍റെ പേരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനതിരെ പരാതി നൽകിയതാണ് വിവാദങ്ങൾ തുടക്കം. ജൂൺ 24ന് നടന്ന എംഎസ്എഫ് വർക്കിംഗ് കമ്മിറ്റിയിൽ വച്ചാണ് ഹരിത ഭാരവാഹിയെ ലൈംഗികമായി അധിക്ഷേപിച്ചതെന്നാണ് മുൻ ഭാരവാഹികൾ ആരോപിക്കുന്നത്.