പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു


തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ കീഴിലുള്ള സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്‍റ് കൗൺസിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഒന്നാം പിണറായി സർക്കാർ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍റെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടും സംഘടനയ്ക്ക് ലഭിച്ചില്ലെന്ന പരാതി ജോയിന്‍റ് കൗണ്‍സിൽ ഉന്നയിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ എന്നും ജോയിന്‍റ് കൗൺസിൽ പറയുന്നു. 

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി ആരംഭിച്ചത്. പെൻഷൻ സർക്കാരിന് വലിയ ബാധ്യത സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലുകൾക്ക് പിന്നാലെയായിരുന്നു നടപടി. വിവിധ സർക്കാർ സംഘടനകൾ പദ്ധതിയെ എതിർത്തെങ്കിലും യുഡിഎഫ് സർക്കാർ പിന്നോട്ടുപോയില്ല. പിന്നീടാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനം ഉൾപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം നടപ്പായില്ല. നിയമപ്രശ്നങ്ങൾ ഉയർന്നതോടെ എൽഡിഎഫ് സർക്കാർ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ റിട്ട. ജസ്റ്റീസ് എസ്. സതീഷ് ചന്ദ്രബാബുവിന്‍റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും കാലങ്ങളായി. എന്നിട്ടും വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed