ലീഗ് നേതൃത്വം മറുപടി പറയണം; ഹരിതയുടെ പ്രവർത്തകർക്കും ആത്മാഭിമാനം വലുതാണെന്ന് മുൻ നേതാക്കൾ

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഹരിത മുൻ നേതാക്കളുടെ വാർത്താ സമ്മേളനം. രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും മുൻ നേതാക്കൾ ആവശ്യപ്പെട്ടു. ഹരിതയുടെ പ്രവർത്തകർക്കും ആത്മാഭിമാനം വലുതാണെന്നും അവർ പറഞ്ഞു. നവാസിന്‍റെ പരാമർശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാർത്താ സമ്മേളനത്തിൽ നേതാക്കൾ ആവർത്തിച്ചു. ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായതു കൊണ്ടാണ് പാർട്ടിക്ക് പരാതി നൽകിയത്. പാർട്ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപ്പിച്ചതെന്നും മുഫീദ തസ്നി പറഞ്ഞു. പരാതി മെയിലിൽ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്.
ഈ വിഷയത്തിൽ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം നേരിട്ട് സന്ദർശിച്ചും പരാതി അറിയിച്ചിരുന്നു. പി.എം.എ. സലാമിന്‍റെ പ്രതികരണം വേദനിപ്പിച്ചെന്നും ഹരിത മുൻ നേതാക്കൾ പറഞ്ഞു. വനിതാ കമ്മീഷന് പരാതി നൽകിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലിൽ പോയി പ്രശ്നം പരിഹരിച്ചോളാൻ പറഞ്ഞു. പരാതി ഉൾക്കൊള്ളാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പരാതി വ്യക്തികൾക്ക് എതിരെയാണ് പാർട്ടിക്ക് എതിരെയല്ലെന്നും അവർ വ്യക്തമാക്കി. ഹരിതയിലെ പെൺകുട്ടികൾ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. ഹരിതയുടെ പെൺകുട്ടികൾ പ്രസവിക്കാൻ താത്പര്യമില്ലാത്തവരാണെന്ന് എംഎസ്എഫ് നേതാക്കൾ പറഞ്ഞു നടന്നു. സൈബർ ഗുണ്ടയുടെ കയ്യിൽ ഞ്ഞങ്ങളുടെ ചിത്രങ്ങളും മറ്റും ഉണ്ടെന്ന് പറഞ്ഞെന്നും ഹരിത മുൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറയുന്നു.