കോവിഡ് രണ്ടാം ഡോസ് എടുത്ത യുവാവ് മരിച്ചു: ബന്ധുക്കൾ പോലീസിൽ പരാതി നൽകി


ഹരിപ്പാട്: കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ യുവാവ് മരിച്ചു. വാക്സിൻ മൂലമുള്ള പാർശ്വഫലമാണോയെന്നു അന്വേഷിക്കണമെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഡിഎംഒയ്ക്ക് ഇന്നു പരാതി നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനം അടക്കമുള്ള കാര്യങ്ങളിൽ ഊർജ്വസ്വലനായി പങ്കെടുത്ത യുവാവാണ് അപ്രതീക്ഷിതമായി മരിച്ചത്. ഹരിപ്പാട് ചിങ്ങോലി ഒന്നാം വാർഡ് കരിന്പിൻ വീട്ടിൽ മുരളീധരൻ മണിയമ്മ ദന്പതികളുടെ മകൻ അനന്തു (20) ആണ് മരിച്ചത്. അനന്തു ബുധനാഴ്ച ഉച്ചയ്ക്കു കാർത്തികപ്പള്ളി യുപി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിൽനിന്നാണ് രണ്ടാം ഡോസ് കോവീഷീൽഡ് വാക്സിൻ സ്വീകരിച്ചത്. വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വയറുവേദനയും ഛർദിയും തുടങ്ങി. ലക്ഷണങ്ങൾ രൂക്ഷമായതോടെ വൈകുന്നേരം ആറോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർ സ്കാനിംഗിനു നിർദേശിച്ചെങ്കിലും രാത്രി വൈകിയതിനാൽ എടുക്കാൻ കഴിയാതെ വീട്ടിലേക്കു മടങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീണ്ടും ശാരീരികാസ്വസ്ഥതകൾ ഉണ്ടായി. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യ ഡോസ് വാക്സിൻ എടുത്തപ്പോൾ കാര്യമായ അസ്വസ്ഥതകൾ ഒന്നും ഉണ്ടായിരുന്നില്ല. അനന്തുവിനൊപ്പം ബുധനാഴ്ച അച്ഛൻ മുരളീധരനും വാക്സിൻ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന് മറ്റ് അസ്വസ്ഥതകൾ ഒന്നുമില്ല.  വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ കരിയിലകുളങ്ങര പോലീസിൽ പരാതി നൽകി. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. 

മൃതദേഹം ഇന്നു പരിശോധന നടത്തും അതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ അഞ്ചു യുവതികളുടെ മരണത്തിൽ സമാന ആരോപണം ഉയർന്നിരുന്നു. നാലുപേർക്കും അനുഭവപ്പെട്ടതു സമാന ലക്ഷണങ്ങളായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കടുത്ത തലവേദനയാണ് നാലുപേർക്കും അനുഭവപ്പെട്ടത്. തലയിൽ രക്തം കട്ടപിടിച്ചും രക്തസ്രാവം ഉണ്ടായുമായിരുന്നു മരണം. ഒരാൾ നിലയ്ക്കാത്ത ഛർദിയെ തുടർന്നാണ് മരിച്ചത്. മരിച്ചവരിൽ മൂന്നു പേരും പത്തനംതിട്ട ജില്ലക്കാരാണ്. ഒരാൾ കോട്ടയത്തും മറ്റൊരാൾ കാസർഗോട്ടും. പത്തനംതിട്ട നാരങ്ങാനം നെടുന്പാറ പുതുപ്പറന്പിൽ ജിനു ജി. കുമാറിന്‍റെ ഭാര്യ ദിവ്യ ആർ. നായർ(38), കൈപ്പട്ടൂർ തെക്കനേത്ത് രഞ്ജിത്ത് രാജിന്‍റെ ഭാര്യ ആര്യ സതീശൻ (28), പത്തനംതിട്ട ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശേരിമഠം സാബു സി. തോമസിന്‍റെ മകൾ നോവ സാബു(19), പാലാ പടിഞ്ഞാറ്റുകര കാഞ്ഞിരത്തുങ്കൽ ആർ. രഞ്ജിത്തിന്‍റെ ഭാര്യയും കാഞ്ഞിരപ്പള്ളി ആനക്കൽൽ തൈപ്പറന്പിൽ മാത്യുവിന്‍റെ മകളുമായ മഹിമ മാത്യു (31), ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കം വലിയകണ്ടത്തെ കെ. രവീന്ദ്രന്‍റെയും സുനിതയുടെയും മകൾ‍ സി. രഞ്ജിത (22) എന്നിവരാണ് മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സിൻ സ്വീകരിച്ചതിനെത്തുടർന്നു മരിച്ചതായി ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed