കോവിഡ്: ചിലർ ജനങ്ങൾക്കിടയിൽ ആശങ്കകൾ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ‍ ചില അനാവശ്യവിവാദങ്ങൾ‍ ഉയർ‍ന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകളുടെ എണ്ണത്തിൽ‍ ഉണ്ടായ വർ‍ധനവും ടിപിആർ‍ നിരക്ക്, ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയർ‍ന്നു നിൽ‍ക്കുന്നതും ആശങ്കാജനകമാണെന്നു പ്രചരിപ്പിച്ച് ജനങ്ങൾ‍ക്കിടയിൽ‍ ആശയക്കുഴപ്പങ്ങൾ‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചിലരെന്നും പാർട്ടി പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ പിണറായി വിജയൻ പറയുന്നു. കോവിഡ് പ്രതിരോധപ്രവർ‍ത്തനങ്ങൾ‍ക്ക് ജനങ്ങൾ‍ നൽ‍കിവരുന്ന സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യയിൽ‍ത്തന്നെ കോവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാൾ‍ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തിൽ‍ പോലും ചികിത്സയുടെ കാര്യത്തിൽ‍ പരാതി ഉയർ‍ന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നേരിടുകയാണ്. 

ലഭ്യമായ വാക്സിൻ‍ ഇത്ര മെച്ചപ്പെട്ട രീതിയിൽ‍, കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനവുമില്ല. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിനും കേരളം ഇന്നു സജ്ജമാണ്. കോവിഡിന്‍റെ ഒന്നാം തരംഗത്തിന്‍റെ ഘട്ടത്തിൽ‍ത്തന്നെ ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കാനാണ് സർ‍ക്കാർ‍ ശ്രമിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. മഹാമാരിയുടെ അതതു ഘട്ടത്തിലെ സ്ഥിതിഗതികൾ‍ സമഗ്രമായി വിലയിരുത്തി, അപഗ്രഥിച്ചു തീരുമാനങ്ങളെടുക്കുന്ന നിലയാണ് ഇവിടെയുള്ളത്. അതിന്‍റെ അടിസ്ഥാനത്തിലാണ് എസ്എസ്എൽ‍സി പരീക്ഷ നടത്തിയത്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ‍ ഇത്തവണ പരീക്ഷയുണ്ടായിട്ടില്ല. പരീക്ഷ നടത്താതെ അവർ‍ ഫലം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ‍ എല്ലാ കാര്യങ്ങളും വിലയിരുത്തി പരീക്ഷ നടത്തി. ഒരു കുട്ടിക്കുപോലും അതുവഴി കോവിഡു വന്നില്ല. അത്ര പഴുതറ്റ രീതിയിൽ‍ മുൻകരുതൽ‍ നടപടികളോടെയാണ് പരീക്ഷ നടത്തിയതും ശാസ്ത്രീയമായ രീതിയിൽ‍ ഇപ്പോൾ‍ ഫലപ്രഖ്യാപനം നടത്തിയതും. കോവിഡ് പ്രതിരോധത്തിൽ‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവർ‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത്. കേരളത്തിൽ‍ ഒരാൾ‍ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തിൽ‍ ആർ‍ക്കും ആരോഗ്യസേവനങ്ങൾ‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളിൽ‍ ആശുപത്രിയിൽ‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. വാക്സിനേഷന്‍റെ കാര്യത്തിലും കേരളം മാതൃക കാട്ടി. 

ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയിൽ‍ മഹാമാരിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തിന്‍റെ കഴിവിലും ഉപരിയായി പ്രവർ‍ത്തിച്ചു എന്നതാണ് അവർ‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കിൽ‍, ആ വീഴ്ച വരുത്തിയതിൽ‍ ഈ സർ‍ക്കാർ‍ അഭിമാനം കൊള്ളുന്നുവെന്നും ലേഖനം പറയുന്നു.  തദ്ദേശീയമായി വാക്സിൻ‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്. കേരള മോഡൽ‍ എന്നുമൊരു ബദൽ‍ കാഴ്ചപ്പാടാണ് ഉയർ‍ത്തിപ്പിടിച്ചിട്ടുള്ളത്. ഉത്തരവാദിത്തങ്ങൾ‍ നിറവേറ്റുന്നതിൽ‍ നിന്നും ഒരിഞ്ചുപോലും സർ‍ക്കാർ‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed