മേതിൽ ദേവികയുമായുള്ള വിവാഹമോചനം; മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യം


തിരുവനന്തപുരം : നടനും എംഎൽഎയുമായ മുകേഷും ഭാര്യ മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. നർത്തകി കൂടിയായ മേതിൽ ദേവിക മുകേഷുമായുള്ള എട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ വക്കിൽ നോട്ടീസ് അയച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ തയ്യാറാകണം. 14 വയസുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്ന് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

 

You might also like

Most Viewed