കെ ആർ ​ഗൗരിയമ്മ അന്തരിച്ചു


തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം.

ഐക്യകേരള രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിൽ മാറ്റത്തിന്‍റെ വിപ്ലവജ്വാലകൾ ആളിപ്പടർന്ന കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുപ്രവർത്തന രംഗത്തേക്കു കടന്നുവന്ന തീപ്പൊരി സമരനായികയായിരുന്നു കെ.ആർ. ഗൗരിയമ്മ. അതിന്‍റെ ഭാഗമായി ഭരണകൂടത്തിന്‍റെ കൊടിയ മർദനങ്ങളും ജയിൽവാസവും അനുഷ്ഠിക്കേണ്ടി വന്നപ്പോഴും പാർട്ടിക്കു വേണ്ടി ജീവനും ജീവിതവും പകുത്തു നൽകിയ പെണ്‍കരുത്ത് പിന്നീട് പാർട്ടിയോടും ഇഎംഎസിനോടും പടവെട്ടേണ്ടി വന്നപ്പോഴും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഗൗരിയമ്മ പോരാട്ടത്തിന്‍റെ പുത്തൻ മാനിഫെസ്റ്റോ രചിച്ചു. ഒടുവിൽ താൻ കൂടി അംഗമായി രൂപീകരിക്കപ്പെട്ട പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും വിപ്ലവവീര്യം കെടാതെ കാത്ത ഗൗരിയമ്മ പാർട്ടിയോടും പോരാടി വിജയിച്ചു. അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയനഭസിൽ ജ്വലിക്കുന്ന നക്ഷത്രമായി നിലകൊണ്ടു.

ചേർത്തല പട്ടണക്കാട് കളത്തിപ്പറന്പിൽ കെ.എ. രാമന്‍റെയും ആറുമുറിപറന്പിൽ പാർവതിയമ്മയുടെയും ഏഴാമത്തെ മകളായി 1919 ജൂലൈ 14 ന് ജനിച്ചു. കണ്ട മംഗലം എച്ച്എസ്എസ്, തുറവൂർ ടിഡിഎച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്‍റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജിൽ നിന്നും നിയമബിരുദവും നേടിയ കെ.ആർ ഗൗരിയമ്മ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്‍റെ പിന്തുണയോടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1947 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.

1951 ലും 1954 ലും തിരുവിതാംകൂർ, തിരു കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇഎംഎസ് മന്ത്രിസഭയിൽ അംഗമായി. പിന്നീട് 1965, 1967, 1970, 1980, 1982, 1987, 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1967 ലും 1980 ലും 1987ലും 2001 ലും മന്ത്രിയായി. ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന വനിത, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഗൗരിയമ്മയ്ക്കു സ്വന്തമാണ്. 1964 ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പ് ഗൗരിയമ്മയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ആദ്യ ഇഎംഎസ് മന്ത്രിസഭയിൽ അംഗങ്ങളായിരിക്കെ വിവാഹിതരായ ഗൗരിയമ്മയും കമ്യൂണിസ്റ്റ് നേതാവ് ടി.വി തോമസും പാർട്ടി പിളർന്നപ്പോൾ രണ്ടു പാർട്ടികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടി.വി തോമസ് സിപിഐക്കൊപ്പവും ഉറച്ചു നിന്നു. ഇരു പാർട്ടികളും തമ്മിലുള്ള ആശയസംഘട്ടനങ്ങളിൽ അവരിരുവരുടെയും ദാന്പത്യജീവിതവും വിഷമവൃത്തത്തിലായി.

1994 ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. യുഡിഎഫിലെ ഘടകകക്ഷി നേതാവായി മാറിയ ഗൗരിയമ്മ 2001 ൽ വീണ്ടും മത്സരരംഗത്തിറങ്ങി വിജയിച്ചു മന്ത്രിയായി. 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനു പിന്നാലെ ഗൗരിയമ്മ പാർലമെന്‍ററി രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി. 2016 ൽ ജെഎസ്എസ് യുഡിഎഫ് വിട്ടതു മുതൽ ഗൗരിയമ്മ ഇടതുമുന്നണിയിലെ ക്ഷണിതാവായി തുടർന്നു വരികയായിരുന്നു.

You might also like

Most Viewed