നിങ്ങൾക്ക് പിണറായി വിജയനെ മനസിലായിട്ടില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ പ്രതിപക്ഷത്തിനു നേരെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച പി.ടി. തോമസിന്‍റെ പ്രസ്താവനകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പി.ടി. തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല. തല ഉയർത്തി നിൽക്കാനുള്ള മനക്കരുത്ത് ഈ നെഞ്ചിൽ ഉണ്ട്. സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്ന പി.ടി. തോമസിന്‍റെ പ്രസ്താവനയ്ക്ക് തന്‍റെ വീട്ടുകാരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ക്ലിഫ് ഹൗസിലെ വലിയ മുറിയിലായിരുന്നു മകളുടെ വിവാഹ ചടങ്ങുകൾ. മകളുടെ കല്യാണത്തലേന്ന് സ്വപ്ന വീട്ടിൽ വന്നിട്ടില്ല. തന്‍റെ കൈകൾ ശുദ്ധമാണ്. പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെതിരേ രാജ്യദ്രോഹം ആരോപിക്കുന്നത് വികലമായ മനസുകളാണ്. ആവർത്തിക്കപ്പെടുന്ന വ്യാജ ആരോപണങ്ങൾ ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



