റോ​ഡി​ൽ നി​യ​മം ലം​ഘി​ച്ചാ​ൽ പിഴയടക്കാൻ ‘ഇ-​ച​ലാ​ൻ’


തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനു പിടിയിലാകുന്നവർക്കു പിഴ അടയ്ക്കുവാനുള്ള ഓൺലൈൻ സംവിധാനം നിലവിൽവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന ഇന്ന് രാവിലെയാണ് സംവിധാനം ഉദ്ഘാടനം ചെയ്തത്. ഇ−ചലാൻ എന്നാണ് ഈ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപകരണത്തിൽ ഡ്രൈവിംഗ് ലൈസൻസ് നന്പർ, വാഹനത്തിന്‍റെ നന്പർ എന്നിവ നൽകിയാൽ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമയ്ക്കോ ഡ്രൈവർക്കോ ഓൺലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങൾ ഉപയോഗിച്ച് പണം അടയ്ക്കാൻ കഴിയും. 

പിഴ അടയ്ക്കാൻ താൽപ്പര്യമില്ലാത്തവരുടെ കേസ് വിർച്വൽ കോടതിയിലേക്ക് കൈമാറും. തുടർനടപടി വിർച്വൽ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതൽ ഏറെ സുഗമമാകും. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നടപ്പിൽ വരുന്നത്. വൈകാതെ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംവിധാനം സ്ഥാപിക്കും.  പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതി രൂപകൽപന ചെയ്തത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററാണ് സോഫ്റ്റ് വെയർ നിർമ്മിച്ചത്.

You might also like

  • Straight Forward

Most Viewed