നേതാക്കളുടെ മക്കളുടെ തെറ്റിന്റെ ഉത്തരവാദിത്തം പാർട്ടി ചുമക്കില്ലെന്ന് പി. ജയരാജൻ
കണ്ണൂർ: നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ലെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. പാർട്ടിയിലോ, സർക്കാരിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നുവെന്നതു ശരിയല്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മകൻ എന്തെങ്കിലും ഇടപാടിൽ പെട്ടിട്ടുണ്ടെങ്കിൽ അത് അവൻതന്നെ നേരിട്ടുകൊള്ളുമെന്നു കോടിയേരി ബാലകൃഷ്ണൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിനുമാത്രമേ പാർട്ടിക്കു പ്രതികരിക്കേണ്ട ഉത്തരവാദിത്വമുള്ളൂ.
കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാർട്ടിക്കില്ല. ഇനി ആരുടെയെങ്കിലും മക്കൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നും ജയരാജൻ പറഞ്ഞു. നേതാക്കളുടെ മക്കളുടെ അനധികൃതമായ ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നത് തെറ്റാണെന്നു പറയാൻ കഴിയില്ലെന്നും ജയരാജൻ വ്യക്തമാക്കി.
