നടി ആക്രമിക്കപ്പെട്ട കേസ്: മുകേഷും ദിലീപും കോടതിയിൽ ഹാജരായി


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിസ്താരത്തിനായി നടൻ ദിലീപും നടനും എം.എൽ.എയുമായ മുകേഷും കോടതിയിൽ ഹാജരായി. മുഖ്യപ്രതിയായ പൾസർ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. കേസിലെ ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് മുകേഷിന്റെ മൊഴികൾ നിർണായകമാകും. 

ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് പൾസർ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന േസ്റ്റജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നത് ഉൾപ്പെടെ കേസിൽ പ്രധാനമാണ്. സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ ദിലീപും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. 

പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെ ഒരു അഭിഭാഷകനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed