കെ.ടി ജലീൽ ചെയർമാനായ സി−ആപ്റ്റിൽ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരള സ്‌റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്‌നിംഗിൽ (സി−ആപ്റ്റ്) കസ്റ്റംസ് പരിശോധന. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മന്ത്രി കെ.ടി. ജലീൽ ചെയർമാനായ സി−ആപ്റ്റിൽ കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. റംസാൻ റിലീഫിന്റെ ഭാഗമായി യു.എ.ഇ. കോൺസുലേറ്റിൽനിന്നും മന്ത്രി ഭക്ഷ്യ കിറ്റ് സ്വീകരിച്ചത് വിവാദമായിരുന്നു. ഭക്ഷ്യകിറ്റിനൊപ്പം വിതരണം ചെയ്ത ചില വസ്തുക്കൾ സി−ആപ്റ്റിലാണ് അച്ചടിച്ചതെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്നാണ് സൂചന.
ഇവിടെ നിന്നും സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ് സാധനങ്ങൾ സി.ആപ്റ്റിന്റെ വാഹനത്തിലാണ് മലപ്പുറത്ത് എത്തിച്ചെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. പാഴ്‌സലുകൾ പൂർണമായും പരിശോധിക്കാതെയാണ് എടപ്പാളിലേക്ക് കൊണ്ടുപോയതെന്നും തുറന്നുനോക്കിയ ഒരു പാഴ്‌സലിൽ മതഗ്രന്ഥങ്ങളായിരുന്നുന്നെന്നും ഉദ്യോഗസ്ഥർ കസ്റ്റംസിനോട് പറഞ്ഞതായി സൂചനയുണ്ട്.
യു.എ.ഇ കോണ്‍സുലേറ്റിന്റെ റംസാൻ റിലീഫ് കിറ്റിനു വേണ്ടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി. ജലീൽ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ നേരത്തെ പുറത്തു വന്നിരുന്നു. കോണ്‍സുൽ ജനറലിന്റെ നിർദ്ദേശ പ്രകാരമാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് തെളിവായി വാട്സാപ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും മന്ത്രി പുറത്തുവിട്ടിരുന്നു.