പ്രളയ ഫണ്ട് തട്ടിപ്പ്: ഒന്നാം പ്രതിയുടെ സ്വത്ത് കണ്ടുകെട്ടാൻ ശുപാർശ
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കളക്ട്രേറ്റിലെ മുൻ ജീവനക്കാരൻ വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടാൻ ശുപാർശ. തട്ടിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടർ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും നിർദ്ദേശമുണ്ട്. റിപ്പോർട്ട് ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറി.
വിഷ്ണു പ്രസാദിന് ഒന്നരക്കോടി രൂപ ആസ്തിയുണ്ട്. തട്ടിയെടുത്ത പണം പ്രതിയിൽ നിന്ന് തന്നെ തിരിച്ച് പിടിക്കാൻ നടപടി വേണമെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഫണ്ട് തിരിമറിയിൽ ഉദ്യോഗസ്ഥ തലത്തിലെ അശ്രദ്ധ വിഷ്ണു പ്രസാദിന് കാര്യങ്ങൾ എളുപ്പമാക്കി. ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പ്രളയ ഫണ്ടുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെല്ലാം വിശദമാക്കുന്ന റിപ്പോർട്ട് കളക്ടർ ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറി. റവന്യൂ വകുപ്പിൽ നിന്ന് കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

