മഹാരാജാസിലെ അഭിമന്യു സ്‌മാരകം അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ


കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പേരിൽ ക്യാമ്പസിൽ സ്ഥാപിച്ച സ്മാരകം അനധികൃതമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഭിമന്യുവിന് സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ സർക്കാരിന്റെ വിശദീകരണം. സ്മാരകം നിർമ്മിച്ചതിന് അനുമതിയുണ്ടോയെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

സ്തൂപത്തിനെതിരെ വിദ്യാർത്ഥികളായ കെ. എം. അംജാദ്, കാർമ്മൽ ജോസ് എന്നിവർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി നൽകിയിട്ടില്ലെങ്കിൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, സ്മാരകം നിർമിച്ചതിന് ശേഷമാണ് കോളേജ് ഗവേണിംഗ് കൗൺസിലിനെ വിദ്യാർഥികൾ സമീപിച്ചതെന്നും ഇത് ശരിയായില്ലെന്നും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ കോളേജായ മഹാരാജാസിൽ സർക്കാരിന്റെയോ കോളേജിന്റെയോ അനുമതിയില്ലാതെയാണ് സ്തൂപം സ്ഥാപിച്ചതെന്നും അത് ക്യാമ്പസിലെ ശാന്തിയും സമാധാനവും നശിപ്പിക്കുമെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. എന്നാൽ സ്തൂപം നിർമ്മിക്കാൻ പ്രിൻസിപ്പൽ അനുമതി നിഷേധിച്ചിട്ടില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. അഭിമന്യുവിന്റെ പേരിലുള്ള സ്തൂപം ഒരു കലാസൃഷ്ടിയാണെന്നും സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു. മരിച്ചുപോയ വിദ്യാർത്ഥിയുടെ സ്‌മാരകം അനുമതികളോടെയാണ് വേണ്ടതെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed