ഖാദർ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള സ്റ്റേ തുടരും


കൊച്ചി: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ സ്റ്റേ നീക്കാൻ‌ ഹൈക്കോടതി വിസമ്മതിച്ചു. റിപ്പോർട്ടിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നല്കിയ ഹർജിയിലാണ് തീരുമാനം. കെഇആർ പരിഷ്കരണത്തിന് സ്റ്റേ തടസമല്ലെന്നും റിപ്പോർട്ട് നടപ്പാക്കും മുമ്പ് എല്ലാവരുടെയും അഭിപ്രായം കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജൂൺ 17ലെ സ്റ്റേ ഉത്തരവിൽ കോടതി ഭേദഗതി വരുത്തും. 

ഒരാഴ്ച മുൻപാണ് സംസ്ഥാന സർക്കാരിനു തിരിച്ചടിയായി ഖാദർ കമ്മിഷൻ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കണമെന്നതായിരുന്നു കമ്മിഷന്റെ പ്രധാന ശുപാർശ. എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകൾ പൊതു പരീക്ഷാ കമ്മിഷണറുടെ കീഴിലാക്കാനും ശുപാർശയുണ്ടായിരുന്നു. 

മേയ് അവസാനം ചേർന്ന മന്ത്രിസഭാ യോഗമാണ് കമ്മിഷന്റെ റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയർ സെക്കൻഡറി അധ്യാപകരും ഹെഡ്മാസ്റ്റർമാരും നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സ്റ്റേ. മുന്നൊരുക്കങ്ങളില്ലാതെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിക്കുന്ന ഏകശിലാമാതൃക രീതി കോത്താരി കമ്മിഷൻ റിപ്പോർട്ടിനു വിപരീതമാണെന്ന് എൻഎസ്എസും ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അതിന്മേലാണ് ഇപ്പോൾ സ്റ്റേ തുടരുമെന്ന വിധി.

 അതേസമയം ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളുടെ മേധാവിയായി ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷനെ (ഡിജിഇ) നിയമിച്ച സർക്കാർ ഉത്തരവു കോടതി സ്റ്റേ ചെയ്തിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed