ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ നിര്യാതനായി
കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ ചുള്ളിക്കാട് (54) നിര്യാതനായി. ക്യാൻസർ രോഗബാധിതനായ ജയചന്ദ്രൻ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. റോഡിൽ അവശനിലയിൽ കണ്ടത്തിയ ജയചന്ദ്രൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചുള്ളിക്കാടിന്റെ സഹോദരൻ ദിവസങ്ങളായി തെരുവോരത്ത് കഴിഞ്ഞിരുന്നത് നേരത്തേ വാർത്തയായിരുന്നു. ഭക്ഷണം ലഭിക്കാതെ അവശനിലയിൽ പറവൂരിൽ റോഡരികിൽ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്നു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സഹോദരനെ കാണാൻ ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയിരുന്നു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലും താലൂക്ക് ആശുപത്രിയിലും എത്തിയ ബാലചന്ദ്രൻ ചുള്ളിക്കാട് സഹോദരനു സഹായവും നൽകിയിരുന്നു. വർഷങ്ങൾക്കു മുന്‍പ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ജയചന്ദ്രൻ പറവൂരിൽ ഒറ്റയ്ക്കായിരുന്നു താമസം.

