പുൽ‍വാമയിൽ‍ ആക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ സുരക്ഷാസേന വകവരുത്തി


ശ്രീനഗർ‍: ഫെബ്രുവരി 14ന് പുൽ‍വാമയിൽ‍ 40 സി.ആർ‍.പി.എഫ് സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ ജെയ്‌ഷെ ഭികരനെ സുരക്ഷാസേന വകവരുത്തി. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി സജ്ജാദ് അഹമ്മദ് ഭട്ട് എന്ന 17കാരനാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ‍ കൊല്ലപ്പെട്ടത്.

അനന്തനാഗിലെ മർ‍ഹാമ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സജ്ജാദിനെ വകവരുത്തിയത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. പുൽ‍വാമ ആക്രമണത്തെ കുറിച്ച് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിന് ഉപയോഗിച്ച മാരുതി എക്കോ കാറിന്റെ ഉടമ സജ്ജാദ് ഭട്ട് ആണെന്ന് തിരിച്ചറിഞ്ഞത്. അനന്തനാഗിലെ മർ‍ഹമ സ്വദേശിയാണ് ഇയാൾ‍. MA3ERLF1SOO183735 എന്ന ചേസിസ് നന്പറിലും G12BN164140 എന്ന എഞ്ചിന്‍ നന്പറിലുമുള്ളതാണ് കാർ‍. 2011ൽ‍ അനന്തനാഗിലെ ഹെവന്‍ കോളനി താമസക്കാരനായ എം.ഡി ജലീൽ‍ അഹമ്മദ് ഹഖാനി ഈ കാർ‍ വാങ്ങിയെന്ന് എന്‍.ഐ.എ അന്വേഷണത്തിൽ‍ കണ്ടെത്തിയിരുന്നു. ഏഴു തവണ കൈമറിഞ്ഞ കാർ‍ 2019 ഫെബ്രുവരി 2നാണ് സജ്ജാദ് ഭട്ട് വാങ്ങിയത്. 

പുൽ‍വാമ ആക്രമണത്തിനു പിറ്റേന്നു മുതൽ‍ സജ്ജാദിനെ കാണാതായിരുന്നു. എകെ−47 റൈഫിളും പിടിച്ചുനിൽ‍ക്കുന്ന ഇയാളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ‍ നിറഞ്ഞിരുന്നു. ജെയ്‌ഷെ മുഹമ്മദിൽ‍ ചേർ‍ന്ന ഇയാൾ‍ ‘അഫ്‌സൽ‍ ഗുരു’ എന്ന രഹസ്യപേരിലാണ് അറിയപ്പെട്ടിരുന്നത്. ജെയ്‌ഷെയുടെ ആക്രമണസംഘത്തിലെ അംഗമായിരുന്നു.

ജെയ്‌ഷെയിൽ‍ ചേരുന്നതിന് മുന്‍പ് മർ‍ഹമ ഹയർ‍സെക്കണ്ടറി സ്‌കൂളിൽ‍ 12ാം ക്ലാസ് വിദ്യാർ‍ത്ഥിയായിരുന്നു സജ്ജാദ്. ഫെബ്രുവരി 23ന് ഇയാളുടെ വീട്ടിൽ‍ സുരക്ഷാസേന റെയ്ഡ് നടത്തിയെങ്കിലും ഇയാൾ‍ സ്ഥലത്തുണ്ടായിരുന്നില്ല. സജ്ജാദ് ഭട്ട് അനന്തനാഗിൽ‍ തിരിച്ചെത്തിയതായി രഹസ്യാന്വേഷണ വിവരത്തെ തുടർ‍ന്നാണ് സുരക്ഷാസേന ഇന്നു പുലർ‍ച്ചെ ഇവിടെ തെരച്ചിൽ‍ നടത്തിയത്. തീവ്രവാദികളുടെ ആക്രമണത്തിൽ‍ രണ്ട് സൈനികർ‍ക്ക് പരിക്കേൽ‍ക്കുകയും ഇവരിൽ‍ ഒരാൾ‍ പിന്നീട് മരണമടയുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed