ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നൽകിയില്ല; കണ്ണൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കി


 

കണ്ണൂർ: വിദേശത്ത് വർഷങ്ങളോളം പണിയെടുത്ത് സന്പാദിച്ച പണം മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ പ്രവർത്തനാനുമതി വൈകിച്ചതിൽ മനംനൊന്ത് കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂർ കൊറ്റാളി സ്വദേശി സജൻ പാറയിലാണ് ആന്തൂർ നഗരസഭയുടെ അനാസ്ഥയിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചെയാണ് കൊറ്റാളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സജനെ കണ്ടെത്തിയത്. പതിനാറ് കോടിയോളം രൂപ മുടക്കിയാണ് കണ്ണൂർ ബക്കളത്ത് സജൻ ഈ കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായി കെട്ടിട നന്പറിന് അപേക്ഷ നൽകിയപ്പോൾ ചെറിയ കാരണങ്ങൾ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയെന്ന് പാർത്ഥ ബിൽഡേഴ്സ് മാനേജർ ആരോപിച്ചു.

നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സജൻ നൽകിയ പരാതിയിൽ ഉന്നതല സംഘം അന്വേഷണം നടത്തി നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തെ അലംഭാവം നഗരസഭ ചെയർപേഴ്സനോട് പറഞ്ഞെങ്കിലും കേൾക്കാൻ പോലും തയ്യാറായില്ലെന്നും പാർത്ഥ ബിൽഡേഴ്സ് മാനേജർ സജീവൻ ആരോപിച്ചു. 

സ്വാഭാവിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുള്ള സമയം എടുത്തു. അനുമതി വൈകിച്ചില്ല എന്നാണ് നഗരസഭയുടെ വിശദീകരണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed