ബാലഭാസ്കറിന്‍റെ മരണം : വിശദമായ അന്വേഷിക്കണത്തിന് ഉത്തരവിട്ട് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും മകളും വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിനു നിര്‍ദേശം നൽകി. ബാലഭാസ്കറിന്‍റെ പിതാവും ബന്ധുക്കളും ഡിജിപിയെ സന്ദര്‍ശിച്ചു മരണത്തില്‍ സംശയം ഉന്നയിച്ചു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നൽകാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് സി.കെ.ഉണ്ണി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി. എന്തിനാണു തിടുക്കപ്പെട്ടു ബാലഭാസ്കർ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. നേരത്തെ, അപകട സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കറായിരുന്നുവെന്ന് ഡ്രൈവർ അർജുൻ പറഞ്ഞിരുന്നു. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്നും അർജുൻ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി വ്യക്തമാക്കി. ഇരുവരുടെയും മൊഴിയിലെ വൈരുധ്യം നേരത്തെ തന്നെ സംശയത്തിനിടയാക്കിയിരുന്നു.
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്.



