എരുമേലിയിലും പരിസരത്തും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു
പത്തനംതിട്ട : ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്ന് എരുമേലിയിലും പരിസരത്തും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ശബരിമലയിൽ യുവതികൾക്കു ദർശനത്തിനു രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണു സ്റ്റേറ്റ് അറ്റോർണി നിലപാട് അറിയിച്ചത്.
യുവതികൾക്കു പോകാനുള്ള ഭരണഘടന അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അർഹിക്കുന്ന വിഷയമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി യുവതികൾക്കു പ്രവേശനത്തിന് എന്തു സൗകര്യം ഒരുക്കാൻ കഴിയുമെന്ന് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 10 ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്നു ജന്തർ മന്തർ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തി ഹൈക്കോടതി പറഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ടു ഞായറാഴ്ച ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിനു തയാറാണ്. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ചു മുന്നോട്ടു പോകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാളിനുണ്ടായ അക്രമങ്ങളുടെ പേരിൽ കെ.സുരേന്ദ്രനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. റാന്നി ഗ്രാമ ന്യായാലയ കോടതിയാണു കേസ് പരിഗണിച്ചത്. ചോദ്യം ചെയ്യണം എന്ന പൊലീസിന്റെ ആവശ്യവും ജയിൽ മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവും ശനിയാഴ്ച റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.



