ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ആറു പേർക്ക് പരുക്ക്
തൃശൂർ : കൊരട്ടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
രാവിലെ ആറരയോടെയായിരുന്നു അപകടം. മഴയത്ത് നനഞ്ഞ് കിടന്നിരുന്ന റോഡിൽ ബ്രേക്ക് ചെയ്തപ്പോൾ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. യാത്രക്കാർ കുറവായിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.

