കാഫിർ സ്ക്രീൻഷോട്ട് കേസ്: 'ഉറവിടം കണ്ടെത്തൽ അതീവ ദുഷ്കരം'; പുതിയ അന്വേഷണവുമായി എസ് ഐ ടി
ഷീബ വിജയൻ
വടകരയിലെ ഏറെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിച്ചു. കേസിൽ സിപിഎം അനുകൂല സൈബർ പേജുകളിലൂടെ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്യും. കൂടാതെ, കേസിൽ ആദ്യം പ്രതിചേർക്കപ്പെടുകയും പിന്നീട് നിരപരാധിയെന്ന് കണ്ടെത്തുകയും ചെയ്ത എംഎസ്എഫ് പ്രവർത്തകൻ സി.കെ. കാസിമിന്റെ മൊഴിയും രേഖപ്പെടുത്തും. വടകരയിൽ ചേർന്ന എസ്ഐടിയുടെ ആദ്യ യോഗത്തിന് ശേഷം, സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നത് സാങ്കേതികമായി അതീവ ദുഷ്കരമാണെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ്പി ടി. ഫറാഷ് പ്രതികരിച്ചു.
ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂർണ്ണമായ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയ്ക്കാണ് നിലവിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഈ കേസിൽ, പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കാട്ടി പോലീസ് മുൻപ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ പാറക്കൽ അബ്ദുള്ള എംഎൽഎ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ പുതിയ എസ്ഐടി രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
AQSASSA

