ആ പി.ബി അംഗം ഫോൺ പോലും എടുക്കില്ല; പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി
ശാരിക l കേരളം
കോഴിക്കോട്: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടി ഉന്നത നേതൃത്വത്തിൽനിന്ന് തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അവഗണനയാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ വിനോദിനി കോടിയേരി രംഗത്ത്. 'പച്ചക്കുതിര' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരെ പരോക്ഷ വിമർശനമുയർത്തി വിനോദിനി കാര്യങ്ങൾ തുറന്നുപറഞ്ഞത്. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി നേതൃത്വം തങ്ങളെ പൂർണ്ണമായും കൈയൊഴിഞ്ഞ അവസ്ഥയിലാണെന്നും നേതാക്കളുടെ ഈ സമീപനം കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും വിനോദിനി വ്യക്തമാക്കുന്നു.
മരണവും സംസ്കാരച്ചടങ്ങുകളും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയതിനു ശേഷം നേതൃത്വത്തിൽനിന്ന് ആരും പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്ന് വിനോദിനി പറയുന്നു. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല, മറിച്ച് വലിയ ചില നേതാക്കളെക്കുറിച്ചാണ് താൻ പറയുന്നത്. ‘നീ ഓക്കെയാണോ, ഞങ്ങളൊക്കെ കൂടെയുണ്ട്’ എന്ന് ചോദിക്കാൻ പോലും ആരും തയ്യാറായില്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത കാലമായി ഇത് മാറിയോ എന്ന് വിനോദിനി ചോദിക്കുന്നു. ശുപാർശയ്ക്കൊന്നുമല്ല, വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടി പാർട്ടിയിലെ ഒരു പ്രധാന നേതാവിനെ പലതവണ വിളിച്ചിട്ടും ഫോണെടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് അറിയില്ലെന്നും വിനോദിനി കൂട്ടിച്ചേർത്തു.
ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം കഴിഞ്ഞ് നാല് വർഷത്തിനിടയിൽ തനിക്കുണ്ടായ അനുഭവമാണിത്. ഇത് തന്റെ മാത്രം അനുഭവമാണോ അതോ എല്ലാ രംഗത്തും സ്ത്രീകൾ ആരുമില്ലാതാവുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതാണോ എന്നും അവർ ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചാൽ ഫോൺ എടുക്കുകയും അപ്പോൾ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണെന്ന് വ്യക്തമാക്കിയ വിനോദിനി, താൻ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണെന്ന് അടിവരയിട്ടു പറയുന്നു. കോടിയേരിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഈ നാല് വർഷത്തിനിടയിൽ അദ്ദേഹം ഒരിക്കൽ പോലും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും വിനോദിനി വെളിപ്പെടുത്തി.
എന്നും ഈ പാർട്ടിയുടെ ആളായിത്തന്നെ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാൽ അതിനർത്ഥം തനിക്ക് തോന്നുന്ന ശരികളൊന്നും ചെയ്യാതെ മിണ്ടാതിരിക്കുമെന്നല്ലെന്നും അവർ വ്യക്തമാക്കി. അനാവശ്യമായ വിധേയത്വം തനിക്കില്ല. ഒരു കാര്യവുമില്ലാതെ വെറുപ്പ് മനസ്സിലുണ്ടാക്കി എതിരാളിയെ കൃത്രിമമായി സൃഷ്ടിച്ച് ജീവിക്കാനും കഴിയില്ലെന്നും, പറയേണ്ട കാര്യങ്ങൾ ഏതു വേദിയിലായാലും ഒരു വ്യക്തിക്ക് പറയാൻ പറ്റണമെന്നും വിനോദിനി അഭിമുഖത്തിൽ ഉറപ്പിച്ചു പറയുന്നു.
dfgdfg

