റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി ആർ.ബി.ഐ; പലിശനിരക്കുകളിൽ മാറ്റമില്ല
ശാരിക l ദേശീയം
മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന പണനയ സമിതി (എം.പി.സി) യോഗമാണ് നിരക്കുകൾ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിഷ്പക്ഷ നയ നിലപാട് (Neutral Stance) തുടരാനും സമിതി നിശ്ചയിച്ചു.
ഇറാൻ സംഘർഷത്തെ തുടർന്നുള്ള അസംസ്കൃത എണ്ണവില വർധനവ്, രൂപയുടെ മൂല്യത്തകർച്ച, മൺസൂൺ-എൽനിനോ പ്രതിസന്ധികൾ എന്നിവ പണപ്പെരുപ്പ സാധ്യത ഉയർത്തുന്നതായി ആർ.ബി.ഐ വിലയിരുത്തി. കഴിഞ്ഞ ഏപ്രിലിലെ നയ അവലോകനത്തിന് ശേഷം ആഗോള ഭൗമരാഷ്ട്രീയ സ്ഥിതി കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലിശനിരക്കിൽ മാറ്റം വരുത്തുന്നതിനേക്കാൾ ജാഗ്രതയോടെയുള്ള സമീപനമാണ് ഉചിതമെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ആഗോള സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത വരുന്നത് വരെ കാത്തിരുന്ന് വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്കിലും ആർ.ബി.ഐ മാറ്റം വരുത്തിയിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ചാ അനുമാനം 6.6 ശതമാനമായി കേന്ദ്ര ബാങ്ക് കുറച്ചു. അതേസമയം പണപ്പെരുപ്പ അനുമാനം 5.1 ശതമാനമായി ഉയർത്തുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടായ അനിശ്ചിതത്വങ്ങളെക്കുറിച്ചായിരുന്നു ആർ.ബി.ഐ ഗവർണറുടെ പ്രസ്താവനയിലെ പ്രധാന പരാമർശം. വ്യാപാര മാർഗങ്ങൾ, വിതരണ ശൃംഖലകൾ, ഊർജ്ജ വിപണികൾ എന്നിവയിലുണ്ടായ തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഊർജ്ജ വിലയിലെ വർധനവും വിതരണ തടസ്സങ്ങളും ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി. ഈ സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്നോ ആഗോള വ്യാപാരത്തിലും ഊർജ്ജ വിപണിയിലും ഇത് എത്രത്തോളം ആഘാതമുണ്ടാക്കുമെന്നോ വ്യക്തമല്ലാത്തതിനാൽ അനിശ്ചിതത്വം തുടരുമെന്നാണ് ആർ.ബി.ഐ നൽകുന്ന മുന്നറിയിപ്പ്.
ആഗോള പ്രശ്നങ്ങൾക്ക് പുറമെ ആഭ്യന്തരമായ അപകടസാധ്യതകളും ആർ.ബി.ഐ നിരീക്ഷിക്കുന്നുണ്ട്. മൺസൂൺ പ്രവചനത്തിലും എൽ നിനോ സാധ്യതയിലും കേന്ദ്ര ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. മൺസൂൺ ദുർബലമായാൽ അത് കാർഷിക ഉൽപാദനത്തെയും ഭക്ഷ്യവസ്തുക്കളുടെ വിലയെയും ബാധിച്ച് പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിച്ചേക്കാം. അതേസമയം, റിപ്പോ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ ഭവനവായ്പ ഉൾപ്പെടെയുള്ള ഫ്ലോട്ടിങ് പലിശ നിരക്കുകളിലുള്ള വായ്പകളുടെ ഇഎംഐയിൽ (EMI) നിലവിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.
്േിേ്ി

