മുട്ടവില റെക്കോർഡ് ഉയരത്തിൽ; സംസ്ഥാനത്ത് കടുത്ത ക്ഷാമമെന്ന് വ്യാപാരികൾ


ഷീബ വിജയൻ

കൊച്ചി: കേരളത്തിൽ കോഴിമുട്ടയുടെ വില കുത്തനെ ഉയരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ മുട്ട വ്യാപാരം നടക്കുന്നത്. വിപണിയിൽ മുട്ടയ്ക്ക് എട്ട് രൂപ മുതൽ പത്ത് രൂപ വരെ ഉപഭോക്താക്കൾ നൽകേണ്ട അവസ്ഥയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മുട്ടയ്ക്ക് ഡിമാൻഡ് വർധിച്ചതാണ് കേരളത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉൽപ്പാദന കേന്ദ്രമായ തമിഴ്‌നാട്ടിലെ നാമക്കല്ലിൽ പക്ഷിപ്പനി പടർന്നുപിടിച്ചത് തിരിച്ചടിയായിട്ടുണ്ട്. പക്ഷിപ്പനിയെത്തുടർന്ന് ഉൽപ്പാദനം കുറഞ്ഞതും എന്നാൽ ഇതര സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതും വിപണിയിൽ വലിയ ലഭ്യതക്കുറവ് സൃഷ്ടിച്ചു. നാമക്കല്ലിൽ നിന്ന് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് വൻതോതിൽ മുട്ട അയക്കുന്നത് കേരളത്തിലേക്കുള്ള വരവ് കുറയാൻ കാരണമായി. നിലവിൽ നാമക്കല്ലിൽ 6.40 രൂപയുള്ള മുട്ട കേരളത്തിലെത്തുമ്പോൾ മൊത്തക്കച്ചവട നിരക്ക് തന്നെ ഏഴ് രൂപയ്ക്ക് മുകളിലാകുന്നു.

സാധാരണയായി നവംബർ, ഡിസംബർ മാസങ്ങളിൽ മുട്ടവില കുറയുന്നതാണ് പതിവ്. എന്നാൽ ഇത്തവണ ശൈത്യകാലത്തെ ഡിമാൻഡും ക്രിസ്മസ് കാലത്തെ കേക്ക് നിർമ്മാണവും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞതോടെ പലയിടങ്ങളിലും മുട്ട കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ടെന്നും ഫെബ്രുവരി പകുതിയോടെ മാത്രമേ വിപണി സാധാരണ നിലയിലാകൂ എന്നുമാണ് വ്യാപാരികളുടെ വിലയിരുത്തൽ. വില വർധിച്ചിട്ടും മുട്ടയുടെ ഉപഭോഗത്തിൽ കുറവുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

article-image

asaswaswqsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed