പുതുവത്സരത്തിൽ മലയാളികൾ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി


ഷീബ വിജയൻ

തിരുവനന്തപുരം: പക്ഷിപ്പനി ഭീഷണിയും ഉയർന്ന വിലയും വകവെക്കാതെ ഇത്തവണത്തെ പുതുവത്സരവും മലയാളികൾ ഗംഭീരമായി ആഘോഷിച്ചു. പുതുവത്സര ദിനത്തിൽ മാത്രം സംസ്ഥാനത്ത് ആകെ 31.64 ലക്ഷം കിലോ കോഴിയിറച്ചിയാണ് വിറ്റുപോയത്. മധ്യകേരളത്തിലെ ചില ജില്ലകളിൽ പക്ഷിപ്പനി ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിലും ചിക്കൻ ഉപഭോഗത്തിൽ കുറവുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

കോട്ടയം, ആലപ്പുഴ ജില്ലകളിൽ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് കർഷകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷിപ്പനി പടർന്ന ആലപ്പുഴയിലെ ചില പഞ്ചായത്തുകളിൽ കോഴിയിറച്ചി വിൽപനയ്ക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രതിസന്ധികളൊന്നും വിപണിയെ ബാധിച്ചില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തെ വിൽപനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. ഈ ജില്ലകളിൽ ഓരോന്നിലും ശരാശരി 3.5 ലക്ഷം കിലോ വീതം ചിക്കൻ വിറ്റഴിക്കപ്പെട്ടു. 3.15 ലക്ഷം കിലോയുടെ വിൽപനയുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വിൽപന രേഖപ്പെടുത്തിയത്; ഇവിടെ 84,000 കിലോ കോഴിയിറച്ചിയാണ് വിറ്റത്.

സാധാരണ ദിവസങ്ങളിൽ കേരളത്തിൽ ഏകദേശം 22.6 ലക്ഷം കിലോ കോഴിയിറച്ചിയാണ് വിറ്റഴിക്കാറുള്ളത്. എന്നാൽ ആഘോഷ വേളകളിൽ ഇതിൽ 40 ശതമാനത്തോളം വർധനവുണ്ടാകാറുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിൽപനയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഡിസംബർ 31-ന് മാത്രം മുൻപത്തേതിനേക്കാൾ 9.04 ലക്ഷം രൂപയുടെ അധിക വിൽപന നടന്നു. ബിരിയാണി, അൽഫാം, മന്തി തുടങ്ങിയ വിഭവങ്ങളോടുള്ള മലയാളികളുടെ പ്രിയമാണ് വില വർധിച്ചിട്ടും ചിക്കൻ വിപണിയെ സജീവമായി നിലനിർത്തുന്നത്. ആവശ്യം ഇനിയും കൂടുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

article-image

adfsfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed