പാലാ വിട്ടുകൊടുക്കില്ല; പ്രചാരണം ആരംഭിച്ച് മാണി സി. കാപ്പൻ
ഷീബ വിജയൻ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ വ്യക്തമാക്കി. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പാലായിൽ യുഡിഎഫിന് വേണ്ടി താൻ തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്നും ഇതിൽ മറ്റ് തർക്കങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് മുന്നണിയിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. ജോസ് കെ. മാണിക്ക് പാലാ സീറ്റ് നൽകണമെന്ന് യുഡിഎഫ് നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളിൽ സ്ഥിരതയില്ലാത്ത ജോസ് കെ. മാണി എല്ലാ സ്ഥാനങ്ങളും പകുതിവഴിയിൽ ഉപേക്ഷിക്കുന്നയാളാണെന്നും അദ്ദേഹം വിമർശിച്ചു. ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും കാപ്പൻ പരിഹസിച്ചു.
സീറ്റ് വിഭജനത്തെക്കുറിച്ച് സംസാരിക്കവെ, വരുന്ന തിരഞ്ഞെടുപ്പിൽ കെഡിപി (KDP) മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ പാലാ, എലത്തൂർ സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. എലത്തൂർ സീറ്റ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം അനുയോജ്യമായ മറ്റൊരു സീറ്റ് ലഭിക്കുകയാണെങ്കിൽ എലത്തൂർ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഡിപിക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നും മാണി സി. കാപ്പൻ പ്രത്യാശ പ്രകടിപ്പിച്ചു.
dfszdfsdfs

