തിരുവനന്തപുരം കോർപ്പറേഷൻ മേയറായി വി.വി. രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് സുരേഷ് ഗോപി
ഷീബ വിജയൻ
തിരുവനന്തപുരം: ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടുകൾ നേടിയാണ് രാജേഷ് വിജയിച്ചത്. ബി.ജെ.പിയുടെ 50 അംഗങ്ങൾക്കൊപ്പം ഒരു സ്വതന്ത്രന്റെയും വോട്ട് രാജേഷിന് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.പി. ശിവജിക്ക് 29 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് 17 വോട്ടും ലഭിച്ചു. ഒപ്പിട്ടതിലെ പിഴവ് മൂലം യു.ഡി.എഫിന്റെ രണ്ട് വോട്ടുകൾ അസാധുവായതും ശ്രദ്ധേയമായി.
തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം, വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തി. ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്നും ബലിദാനികളുടെ പേരിൽ പ്രതിജ്ഞ എടുത്തത് അംഗീകരിക്കാനാവില്ലെന്നും എൽ.ഡി.എഫ് കൗൺസിലർ എസ്.പി. ദീപക് പറഞ്ഞു. വോട്ടെടുപ്പിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വി.വി. രാജേഷിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു.
അതിനിടെ, മേയർ സ്ഥാനം കൈവിട്ടുപോയതിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിലാണ്. ആദ്യം മുതൽ ശ്രീലേഖയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം വി.വി. രാജേഷിനെ നിശ്ചയിക്കുകയായിരുന്നു. അവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം.
DSFDFSDS
