കേരളത്തിലെ ജനങ്ങൾക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി 'നേറ്റിവിറ്റി കാർഡ്'
ശാരിക / തിരുവനന്തപുരം
സംസ്ഥാനത്തെ ജനങ്ങൾക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി 'നേറ്റിവിറ്റി കാർഡ്' നൽകാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പൗരന്മാരുടെ അസ്തിത്വവും തദ്ദേശീയതയും തെളിയിക്കുന്നതിന് നിയമപ്രാബല്യമുള്ള ആധികാരിക രേഖ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ വില്ലേജ് ഓഫീസുകളിൽ നിന്ന് നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി നിയമപരമായ പിൻബലമുള്ള ഫോട്ടോ പതിച്ച കാർഡുകളാണ് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തഹസിൽദാർമാർക്കായിരിക്കും ഇതിന്റെ വിതരണ ചുമതല. സ്വന്തം നാട്ടിൽ ജനിച്ചുജീവിക്കുന്നവർക്ക് അസ്തിത്വം തെളിയിക്കാൻ പ്രയാസം നേരിടരുതെന്നും ആരും പുറന്തള്ളപ്പെടാൻ പാടില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ സംഘ്പരിവാർ നടത്തുന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേരളത്തിൽ പാലക്കാട്ടും കരോൾ സംഘങ്ങൾക്ക് നേരെയും പ്രാർത്ഥനാ യോഗങ്ങൾക്ക് നേരെയും നടന്ന അക്രമങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ സ്കൂൾ അവധി ഒഴിവാക്കിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയെയും അദ്ദേഹം പരാമർശിച്ചു. കേരളത്തിൽ ഇത്തരം വർഗീയ ശക്തികൾ തലപൊക്കുന്നത് അനുവദിക്കില്ലെന്നും ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കിയതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ടക്കൊലയെ ഹീനമായ കൃത്യമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, യു.പി മോഡൽ അക്രമങ്ങൾ കേരളത്തിൽ പറിച്ചുനടാനുള്ള ശ്രമമാണ് അവിടെ നടന്നതെന്ന് കുറ്റപ്പെടുത്തി. ബംഗ്ലാദേശി കുടിയേറ്റക്കാരനെന്ന് ചാപ്പകുത്തി നടത്തിയ ഈ കൊലപാതകത്തിന് പിന്നിൽ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയമാണുള്ളത്. കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന സാമ്പത്തിക വിവേചനത്തെയും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അക്കമിട്ടു നിരത്തി. ഫെഡറൽ സംവിധാനത്തിന് വിരുദ്ധമായാണ് കേന്ദ്രത്തിന്റെ ഓരോ നീക്കവുമെന്നും കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം വലിയ തോതിൽ വെട്ടിക്കുറച്ചതായും അദ്ദേഹം പറഞ്ഞു. പതിനൊന്നാം ധനകാര്യ കമ്മീഷൻ കാലയളവിൽ 3.05 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷൻ ആയപ്പോഴേക്കും 1.92 ശതമാനമായി ഇടിഞ്ഞു. സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും ഏത് പ്രതിസന്ധിയിലും സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
svsfd
