കേരള ജനത ഒപ്പമുണ്ടെന്ന് അതിജീവിതക്ക് ഉറപ്പുനൽകി മുഖ്യമന്ത്രി
ശാരിക / തിരുവനന്തപുരം
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനുശേഷം അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. കേരള ജനത ഒപ്പമുണ്ടെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അതിജീവിതക്ക് ഉറപ്പുനൽകി. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്നും പ്രതിയായ മാർട്ടിന്റെ വിഡിയോക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി എത്തിയതായിരുന്നു അതിജീവത. മുഖ്യമന്ത്രിയും മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്ന് താരത്തെ സ്വീകരിച്ചു. താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
അടൂര്‍ഗോപാലകൃഷ്ണന്‍, മല്ലികാസുകുമാരന്‍, ഭാഗ്യലക്ഷ്മി, മധുപാല്‍, കുക്കു പരമേശ്വരന്‍, ടി.കെ.രാജീവ് കുമാര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. കര്‍ദിനാള്‍ ക്ളിമീസ് കാതോലിക്കാബാവ ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്‍മാരും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വി.പി.സുഹൈബ് മൗലവി, വെള്ളാപ്പള്ളി നടേശന്‍ എന്നിവരും അതിഥികളായി എത്തിയിരുന്നു. മന്ത്രിമാര്‍, സ്പീക്കര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണരെയും പ്രതിപക്ഷനേതാവിനെയും ക്ഷണിച്ചെങ്കിലും ഇരുവരും പങ്കെടുത്തിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ശ്രമങ്ങൾ പ്രോസിക്യൂഷൻ തുടങ്ങിയിട്ടുണ്ട്. എട്ടാംപ്രതി ദിലീപിനെയടക്കമുള്ളവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീൽ നൽകുക. കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികളെയും 20 വർഷം കഠിന തടവിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ശിക്ഷിച്ചത്.
പ്രതികൾ ഗൂഢാലോചനയുടെ തുടർച്ചയായി കൂട്ടായാണ് കുറ്റകൃത്യം ആസൂത്രണംചെയ്ത് നടപ്പാക്കിയതെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ശിക്ഷാവിധി. ഒന്നാം പ്രതി സുനിൽ എൻ.എസ്. എന്ന പൾസർ സുനി (37), രണ്ടാം പ്രതി മാർട്ടിൻ ആന്റണി (33), മണികണ്ഠൻ (36), വി.പി. വിജീഷ് (38), എച്ച്. സലിം എന്ന വടിവാൾ സലിം (29), പ്രദീപ് (31) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികൾക്ക് 20 വർഷത്തിലേറെ തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും. തടവുശിക്ഷക്ക് പുറമെ ഒന്നാംപ്രതി 3,25,000 രൂപയും മറ്റ് പ്രതികൾക്ക് നിശ്ചിത തുകയും പിഴ അടക്കാനും നിർദേശമുണ്ട്. പിഴയിൽനിന്ന് അതിജീവിതക്ക് അഞ്ചുലക്ഷം രൂപ നൽകണം. തൊണ്ടിമുതലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെനൽകാനും കോടതി ഉത്തരവിട്ടു.
sdfsf
