നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്
ശാരിക / കൊച്ചി
നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 20 വർഷം കഠിന തടവ് വിധിച്ചു. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നീ ആദ്യ ആറ് പ്രതികൾക്കാണ് ജസ്റ്റിസ് ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ, ഓരോ പ്രതിയും 50,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൂട്ടബലാത്സംഗം (IPC 376D), സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ (IPC 366), അന്യായമായി തടങ്കലിൽ വയ്ക്കൽ (IPC 342), സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്താനുള്ള ബലപ്രയോഗം (IPC 354), സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം (IPC 354B), ക്രിമിനൽ ബലപ്രയോഗം (IPC 357) എന്നീ വകുപ്പുകൾക്ക് പുറമെ ഐ.ടി. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
രാവിലെ ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനു ശേഷമാണ് ശിക്ഷാവിധി വൈകുന്നേരത്തേക്ക് മാറ്റിവച്ചത്. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.
യഥാർഥ പ്രതി പൾസർ സുനി ആണെങ്കിലും, മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമായതിനാൽ എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ വികാരഭരിതരായി കോടതിയിൽ അപേക്ഷിച്ചു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ചൂണ്ടിക്കാട്ടി പൾസർ സുനി ഇളവ് അഭ്യർഥിച്ചു. രണ്ടാം പ്രതി മാർട്ടിൻ, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നും വാദിച്ചു. മൂന്നാം പ്രതി മണികണ്ഠൻ, തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ശിക്ഷയിൽ ഇളവ് വേണമെന്ന് അപേക്ഷിക്കുകയുണ്ടായി.
ewwtt
