ഇരട്ട ന്യൂനമർദം: വെള്ളിയാഴ്ച വരെ അതിശക്ത മഴയ്ക്ക് സാധ്യത


ഷീബ വിജയൻ

തിരുവനന്തപുരം I സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചുദിവസം ഇടിമിന്നലിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

വരുംമണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിൽ ഉയർന്ന ലെവലിൽ കേരള തീരത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

അതേസമയം, ആൻഡമാൻ കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അറബിക്കടൽ ന്യൂനമർദത്തിൽ നിന്നും കേരള തീരത്തിനു സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിലൂടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

article-image

asssa

You might also like

  • Straight Forward

Most Viewed