പോസ്റ്റോഫീസ് ഇനി വിരൽത്തുമ്പിൽ: ബഹ്‌റൈൻ പോസ്റ്റ് മൊബൈൽ തപാൽ സേവനം ആരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ I രാജ്യത്തെ തപാൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി ബഹ്‌റൈൻ പോസ്റ്റ് 'മൊബൈൽ തപാൽ സേവനം' എന്ന നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും ഈ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ ഹൈദാൻ അറിയിച്ചു.
തപാൽ ഓഫിസുകൾ സന്ദർശിക്കാതെ തന്നെ പൗരന്മാർക്കും താമസക്കാർക്കും സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ പുതിയ പദ്ധതി സഹായിക്കും. തപാൽ സേവനങ്ങൾ നൽകാൻ പൂർണമായി സജ്ജീകരിച്ച വാഹനങ്ങളാണ് ഈ മൊബൈൽ സംരംഭത്തിനായി ഉപയോഗിക്കുന്നത്. ശനി മുതൽ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെ ഈ മൊബൈൽ സേവനം ലഭ്യമാകും. സേവനം ആവശ്യമുള്ള ഉപഭോക്താക്കൾ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യണം. ഇതിനായി 80001100 എന്ന കസ്റ്റമർ കോൺടാക്റ്റ് സെന്റർ നമ്പറിലോ, enquiry@mtt.gov.bh എന്ന ഇമെയിൽ ഐഡിയിലോ, www.bahrainpost.gov.bh-ലെ പ്രത്യേക പേജിലൂടെയോ, 17341022 എന്ന വാട്സാപ്പ് നമ്പറിലൂടെയോ ബന്ധപ്പെടാവുന്നതാണ്. ബുക്കിംഗ് സ്ഥിരീകരിക്കുന്നതിനായി ബഹ്‌റൈൻ പോസ്റ്റ് ടീമിന്റെ ഫോളോ-അപ് കോൾ ഉപഭോക്താവിനെ തേടിയെത്തും.
ഈ പദ്ധതി ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ സമഗ്ര തന്ത്രത്തിന്റെ ഭാഗമാണെന്ന് ഡോ. അൽ ഹൈദാൻ കൂട്ടിച്ചേർത്തു.
asasas